കയ്പ്പ്
കയ്പ്പ്
ജിനു ജിനേഷ്
അടുക്കളയിൽ നിന്ന് ആവിപൊങ്ങുന്ന ചായകപ്പുമായി ലതിക പതിയെ പുറത്തേക്ക് നടന്നു. ഉമ്മറത്തുള്ള രണ്ടു കസേരകളിലൊന്നിൽ മെയ്ദിനി ദൂരേക്ക് നോക്കിയിരിപ്പുണ്ട്. മുറ്റമാകെ ഇന്നലെ പെയ്ത മഴയുടെ ബാക്കിയെന്നോളം നിറയെ ഒലിച്ചുവന്ന മണ്ണും ചപ്പുമാണ്.
മഴയുടെ പ്രഹരമേറ്റ് മുറ്റത്തെ ചെടികളെല്ലാം തളർന്നിട്ടുണ്ട്. മഴത്തുള്ളികളുടെ ഭാരം താങ്ങാനാവാതെ പൂക്കളെല്ലാം താഴോട്ടുനോക്കികിടക്കുന്നു.
ലതിക തൊട്ടടുത്ത കസേരയിലിരുന്നുകൊണ്ട് ചായകപ്പ് മെയ്ദിനിക്ക് നേരെ നീട്ടി.
ചൂടുചായ രണ്ടുകൈകൊണ്ടു വാങ്ങുമ്പോൾ മെയ്ദിനി സംസാരിച്ചു തുടങ്ങി.
“നീ ഇന്ന് മടങ്ങുന്നില്ലേ, എത്ര നാളായി ഇവിടെ ഇങ്ങനെ..എനിക്കിപ്പൊ കുഴപ്പമൊന്നുമില്ല”
“നിന്നെ തനിച്ചാക്കി പോവാൻ വയ്യെഡോ.. എത്ര തവണ പറഞ്ഞു എന്നോടൊപ്പം പോരാൻ. നീ ഇവിടെ ഒറ്റക്ക് എങ്ങനെ survive ചെയ്യും..”
“എനിക്ക് ഇവിടം വിട്ടു പോരാനാവില്ല ലതീ.. എന്റെ നല്ല നാളുകളുടെ ഓർമകളെല്ലാമുള്ള ഇവിടം വിട്ട് പോന്നാൽ എനിക്ക് സമാധാനം കിട്ടില്ല…”
ചായ ഒരു കവിൾ ഇറക്കികൊണ്ട് മെയ്ദിനി മറുപടി പറഞ്ഞു.
” നാല് ദിവസമായി നീ നേരെ ഒന്ന് ഭക്ഷണം പോലും കഴിച്ചിട്ട്. ഒരല്പം ഭക്ഷണം ഉള്ളിൽച്ചെല്ലാൻ ഞാനെത്ര നിർബന്ധിക്കണം..താൻ ഇപ്പൊ ഇനി ഇവിടുന്ന് ഉന്തിതള്ളി പുറത്താക്കാൻ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല മിനി…”
കുറച്ചുനേരത്തേക്ക് ക്ഷണിക്കപ്പെടാത്ത ഒരു നിശ്ശബ്ധത അവർക്കിടയിലേക്ക് ഒഴുകിവന്നു. ഒടുവിൽ മെയ്ദിനി തന്നെ ആ മൗനത്തിന് അവസാനമിട്ടു.
“ദാസ് പോയപ്പോൾ എനിക്ക് നഷ്ടമായത് ഒരു പങ്കാളിയെയോ ഉറ്റസുഹൃത്തിനെയോ മാത്രമല്ല ലതീ.. എന്റെ രുചികളെല്ലാം ദാസ് കൂടെകൊണ്ടുപോയപോലെ. നിനക്കറിയുമോ ഇത്ര കാലമായിട്ടും നല്ലൊരു കറിയോ ഡിഷോ ഉണ്ടാക്കാൻ എനിക്കറിയില്ല… അതെങ്ങനെ, പാചകം മൊത്തം ദാസ് ആയിരുന്നു. മരിക്കുന്നതിന് തലേദിവസം വരെയും അങ്ങനെതന്നെ.. അടുക്കളയിൽ കൂടെ സംസാരിച്ചിരിക്കാൻ ഒരാൾ വേണമെന്ന നിർബന്ധം മാത്രമേ ദാസിന് ഉണ്ടായിരുന്നോള്ളൂ..പാട്ടും സംസാരവും സംവാദവും ഒക്കെ ആയി അടുക്കളയായിരുന്നു ഞങ്ങളുടെ ലോകം…”
ദാസിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം മെയ്ദിനിയുടെ കണ്ണുകൾ വിടർന്നു വരുന്നത് ലതിക ശ്രദ്ധിച്ചു. ക്ഷീണിച്ച മുഖത്തെ തിളക്കമുള്ള കണ്ണുകൾക്കു പ്രേത്യേക ഭംഗിയുണ്ടായിരുന്നു.
“ദാസിലൂടെ നഷ്ടപെട്ട രുചികളെല്ലാം എനിക്ക് തിരിച്ചുപിടിക്കണം ലതീ..”
അത്രയും പറഞ്ഞുകൊണ്ട് മെയ്ദിനി തന്റെ കൈകളിൽ മുറുക്കെപിടിച്ചപ്പോൾ ലതികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
പിന്നീടവരൊന്നും തന്നെ സംസാരിച്ചില്ല…
അന്ന് വൈകീട്ട് മെയ്ദിനി ഒറ്റക്ക് അടുക്കളയിൽ കയറി. അടുക്കളയിലെ ഓരോ ഗന്ധങ്ങളും അവളിൽ ദാസിന്റെ ഓർമകളെ ഉണർത്തി..
കറിക്കുള്ളതെല്ലാം അരിഞ്ഞു വെച്ച് അടുപ്പത്തു ചട്ടി വെച്ചപ്പോൾ ദാസ് എപ്പോഴും മൂളാറുള്ള ഒരു പാട്ട് മെയ്ദിനിയുടെ മനസ്സിലേക്ക് പാഞ്ഞെത്തി..
പതിയെ ഒന്ന് മൂളിയപ്പോൾ അടുക്കളജനലിലൂടെ വീശിയ തണുത്തകാറ്റ് മെയ്ദിനിയെ ആകെമൊത്തം ഒന്ന് തണുപ്പിച്ചു. ദാസ് കൂടെയുണ്ടെന്ന തോന്നൽ മെയ്ദിനിയിൽ ശക്തമാവാൻ അത്രയും മതിയായിരുന്നു..
ഉണ്ടാക്കിവെച്ചതെല്ലാം ഭംഗിയായി അവൾ ഡൈനിങ് ടേബിളിൽ ഒരുക്കിയിട്ടാണ് ലതികയെ വിളിച്ചത്.
സ്വയം തയ്യാറാക്കിയ അത്താഴം ലതികക്കൊപ്പമിരുന്നു കഴിക്കുമ്പോൾ മെയ്ദിനി ആദ്യമായി ഉള്ളുതുറന്നു ചിരിച്ചു..
മെയ്ദിനി തന്റെ നഷ്ടപെട്ട രുചികളെ തിരിച്ചുപിടിക്കാനുള്ള യാത്രയിലാണെന്നു മനസ്സിലാക്കിയ ലതികയും കൂടെചിരിച്ചു…
പുറത്തു വീണ്ടും അടുത്ത മഴ ഒരുക്കം കൂട്ടിതുടങ്ങി..